Wednesday, May 23, 2007

വിഡ്ഢികള്‍ ആക്കിയ കണിക്കൊന്ന

കണിക്കൊന്ന. മലയാളികളുടെ മനസ്സിനെ മദിക്കുന്ന പൂവ്‌. വിഷുക്കാലത്ത്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഇനം. ഇപ്രാവശ്യം വിഷുക്കാലത്ത്‌ ഡെല്‍ഹി മലയാളികള്‍ക്ക്‌ ശരിക്കും പറഞ്ഞാല്‍ കണികാണാന്‍ പോലും കൊന്നപ്പൂ കിട്ടിയില്ല. ഇപ്പോഴിതാ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത കൊന്നമരങ്ങള്‍ മാത്രം. എല്ലാ മലയാളികളെയും വിഡ്ഢികള്‍ ആക്കിക്കൊണ്ടുള്ള ഒരു ചിരിയും ചിരിച്ചു കൊണ്ട്‌ ഡെല്‍ഹിയുടെ തെരുവോരങ്ങളില്‍ പൂത്ത്‌ നിറഞ്ഞു നില്‍ക്കുന്നു കൊന്നമരങ്ങള്‍.

വിഷു സമയത്ത്‌ കൊന്ന മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കന്റോണ്‍മന്റ്‌ ഏരിയായിലും മറ്റും വളരെ ദൂരത്തു നിന്നുപോലും ആള്‍ക്കാര്‍ കൊന്നപ്പൂവിനായി അന്വേഷിച്ചെത്തി നിരാശരായി മടങ്ങി.

കഴിഞ്ഞ വര്‍ഷം മെയില്‍ ആദ്യമായി നഗരത്തില്‍ എത്തിയപ്പോള്‍ എങ്ങും പൂത്തുലഞ്ഞ്‌ നിന്നിരുന്ന കൊന്നമരങ്ങള്‍ കണ്ട്‌ മനസ്സാകെ നിറഞ്ഞിരുന്നു.ഇവിടെ വിഷു ഒരുക്കാന്‍ ഒരു പ്രയാസവും ഇല്ലല്ലോന്ന് മനസ്സില്‍ കരുതുകയും ചെയ്തിരുന്നു. ലക്ഷണം കണ്ടിട്ട്‌ കഴിഞ്ഞ വര്‍ഷവും ഇതു തന്നെ ആയിരുന്നു അവസ്ഥ എന്ന് തോന്നുന്നു.

Friday, May 4, 2007

ഒരു ചൊറിച്ചു മല്ലിക്കഥ

ഈയുള്ളവന്‍ പ്രീ-ഡിഗ്രിക്ക് സമാന്തര കോളേജില്‍ പഠിക്കുന്ന കാലം.

ലോകചരിത്രക്ലാസ്. യേശുക്രിസ്തുവിനെ ക്രൂശിലേറ്റുന്ന കഥ തലേദിവസം പഠിപ്പിച്ചു. പിറ്റേ ദിവസം ചോദ്യങ്ങള്‍ ചോദിക്കുകയാണു് ടീച്ചര്‍.

“ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല “ എന്നു പറഞ്ഞ് കൈ കഴുകിയ ന്യായാധിപന്‍ ആരാണ്?
ഇതാണ് ചോദ്യം.

തലേദിവസം വരാതിരുന്ന സോമരാജനോടാണ് ചോദ്യം.

ഇതിനിടയില്‍ ഒരല്പം അനുബന്ധം. അന്നൊക്കെ ഞങ്ങളുടെ ഇടയിലെ ഒരു വിനോദം ആയിരുന്നു മറിച്ചു ചൊല്ലുക അഥവാ ചൊറിച്ചു മല്ലുക. എന്തു പറയുന്നതും മറിച്ച് അല്ലെങ്കില്‍ തിരിച്ച് പറയുക. ഇത് പറയാന്‍ അറിയാത്തത് ഒരു അയോഗ്യതയായി അന്ന് കല്പിച്ചിരുന്നു. കൂടുതലും അശ്ലീല സംസാരങ്ങള്‍ ആയിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത്.

മുന്‍ ബഞ്ചില്‍ ഇരുന്ന സോമരാജന്‍ ഉത്തരം അറിയാതെ എഴുന്നേറ്റ് നിന്നു. ഒരു സഹായത്തിനായി ചുറ്റുമുള്ളവരെ ദയനീയമായി നോക്കി. ഈ സമയം പിന്‍ ബഞ്ചിലെ വര്‍ഗ്ഗീസ് സഹായത്തിന്റെ ഒരു കച്ചിത്തുരുമ്പ് വാഗ്ദാനവുമായി രംഗത്തെത്തി.

പീലാത്തോസ് എന്നുള്ളത് മറിച്ച് തോലാപ്പീസ് എന്ന് പറഞ്ഞു കൊടുത്തു.

വര്‍ഗ്ഗീസ് കരുതിയത് മറിച്ചു ചൊല്ലില്‍ വിരുതനായ സോമരാജന്‍ പീലാത്തോസ് എന്ന് ശരിക്ക് പറയും എന്നായിരുന്നു.

സോമരാജന്‍ ‍കരുതി ഇതേതോ പുതിയ വാക്കാകും എന്ന്. ഉത്തരം കിട്ടിയ സന്തോഷത്തില്‍ വിളിച്ച് കാച്ചി.

“തോലാപ്പീസ്“

പിന്നീട് ഉണ്ടായ പൂരം പറയണോ.

കുറേക്കാലത്തേക്ക് ആശാന്റെ വിളിപ്പേരായിരുന്നു ടി തോലാപ്പീസ്